ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍കക്ഷിയായ രാജ് നരെയ്നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്.
കോണ്‍ഗ്രസ്, ജനത പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ പലപ്പോഴായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭ എം.പിയായും സേവനം ചെയ്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. 1980ല്‍ പ്രമുഖ എന്‍.ജി.ഒയായ ‘സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. സുപ്രീംകോടതിയില്‍ സംഘടന നിരവധി പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായി പ്രശാന്ത് ഭൂഷണ്‍ മകനാണ്.
2018ല്‍ സുപ്രീംകോടതിയിലെ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തില്‍ (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ശാന്തി ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തില്‍ സംശയമില്ലെന്നു പറഞ്ഞ് കോടതി ഹരജി തള്ളിയിരുന്നു.