തൃശൂര്‍: പതിനാല് വയസുള്ള കുട്ടിയുടെ വയറ്റില്‍ നിന്ന് ലാപ്രോസ്കോപ്പിയുടെ സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തി. ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാണെന്ന് കുടുംബം ആരോപിച്ചു. തൃശ്ശൂരിലെ ആശുപത്രിയിലാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നത്. കുടുംബം വിയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
വയറുവേദനയെ തുടര്‍ന്ന് അപ്പെന്‍ഡിക്സ് ശസ്ത്രകിയയ്ക്കായിരുന്നു മുഹമ്മദ് സഹീം വിധേയനായത്. ജൂണ്‍ 12നായിരുന്നു ശസ്ത്രക്രിയ. ശേഷം കുട്ടിയുടെ വയറ്റില്‍ പഴുപ്പ് അനുഭവപ്പെട്ടു. കുട്ടി ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് തവണ കുട്ടിയെ ഇതേ ആശുപത്രിയില്‍ കൊണ്ടുപോയി. വീണ്ടും സ്കാനിംഗിന് വിധേയമാക്കി.
സ്കാനിംഗില്‍ അപ്പെന്‍ഡിക്സ് വീണ്ടും കണ്ടെത്തിയെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചു. ഇതോടെ കുടുംബം മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ കാണിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ക്ലിപ്പ് പുറത്തെടുക്കുകയായിരുന്നു.