ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ അപമാനിച്ചതിന് മാപ്പുപറഞ്ഞ് തെലങ്കാന പി.സി.സി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി. പരാമര്‍ശം പിന്‍വലിക്കുന്നതായും തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നതായും രേവന്ത് റെഡ്ഡി പറഞ്ഞു.
ശശി തരൂരിനെ അപമാനിച്ചതിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് രേവന്ത് റെഡ്ഡി മാപ്പുപറഞ്ഞത്.ശശി തരൂരുമായി സംസാരിക്കുകയും തന്‍റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. മുതിര്‍ന്ന സഹപ്രവര്‍ത്തകനെ ബഹുമാനിക്കുന്നു, അതോടൊപ്പം എന്‍റെ വാക്കുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും രേവന്ത് റെഡ്ഡി ട്വീറ്റ് ചെയ്തു.
രേവന്ത് റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. രേവന്ത് റെഡ്ഡിതന്നെ വിളിച്ച് മാപ്പ് ചോദിച്ചുവെന്നും അത് താന്‍ സ്വീകരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കുറിച്ചു