ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അണ്ണാ ഡിഎംകെ മുന്‍നേതാവ് വി.കെ. ശശികല ആശുപത്രി വിട്ടു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞ 27നു ജയില്‍ മോചിതയാകാനിരിക്കെയാണു ശശികലയ്ക്കു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19നാണ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ശശികലയെ പ്രവേശിപ്പിച്ചത്. കനത്ത സുരക്ഷയില്‍ മാസ്കും ഗ്ലൗസും ധരിച്ചാണു ശശികല ആശുപത്രിക്കു പുറത്തെത്തിയത്. നൂറുകണക്കിന് അനുയായികള്‍ ആശുപത്രിക്കു പുറത്ത് ശശികലയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ശശികലയുടെ സഹോദരീപുത്രനും എഎംഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ചെന്നൈ ആര്‍കെ നഗര്‍ എംഎല്‍എയുമായ ടി.ടി.വി. ദിനകരനും ആശുപത്രിയിലെത്തിയിരുന്നു.ബംഗളുരൂ നഗരപ്രാന്തത്തിനുള്ള ഒരു ഫാം ഹൗസിലേക്കാണു ശശികല പോയത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഒരാഴ്ച അവര്‍ അവിടെ തുടരും.