ശരത് പവാര്‍ എന്‍സിപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

Latest News

മുംബയ്: ശരത് പവാര്‍ എന്‍സിപി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മുംബയില്‍ ആത്മകഥയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം നടന്നത്.എന്നാല്‍, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതു പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാര്‍ പറഞ്ഞു.
പുതിയ അദ്ധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പവാര്‍ പറഞ്ഞു.
എന്നാല്‍, തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വേദി വിടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പവാറിന് നിര്‍ണായക പങ്കുണ്ട്. 1999ലാണ് എന്‍സിപി രൂപവത്കരിക്കുന്നത്. അന്ന് മുതല്‍ ശരത് പവാറായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *