തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 50000 രൂപ ജാമ്യ തുകയായി കോടതിയില്‍ കെട്ടിവെക്കണം. മൊബൈല്‍ ഫോണ്‍ കോടതിയില്‍ സറണ്ടര്‍ ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥര്‍ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വധശ്രമത്തിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ ശബരീനാഥന്‍ ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ശബരീനാഥനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മൊബൈല്‍ ഫോണും പിടിച്ചെ ടുക്കേണ്ടതുണ്ട് എന്നും പോലീസ് അറിയിച്ചു.അതേസമയം ഫോണ്‍ ഇപ്പോള്‍ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്‍റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചിരുന്നെങ്കില്‍ ഫോണ്‍ അപ്പോള്‍ തന്നെ നല്‍കുമായിരുന്നു എന്നും ശബരിനാഥന്‍റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. കേസില്‍ ഇന്നലെ രാവിലെയാണ് ശബരിനാഥന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനായി ശംഖുമുഖം എസിപിക്ക് മുന്നിലെത്താന്‍ ശബരീനാഥനോട് നിര്‍ദേശിച്ചിരുന്നു. 10.40ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശബരീനാഥിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു ശബരിയുടെ അഭിഭാഷകന്‍റെ വാദം.
അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷന്‍ ആ സമയം വ്യക്തമായ വിവരം പറഞ്ഞില്ല. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യത്തിനായി വാദം നടന്നത്
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ശബരിനാഥന്‍ അറസ്റ്റിലായത്.