പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്‍റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.പത്തനംതിട്ട – പമ്പ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയല്‍ റണ്‍ നടക്കുക.
മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ വിശ്രമത്തിന് ശേഷം പത്തനംതിട്ടപമ്പ കണക്ട് ബസുകളില്‍ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശബരിമല ഹബിനോടനുബന്ധിച്ചുള്ള സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു.
തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്ബയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ചെയ്തിട്ടുള്ളതെന്നും കെ.എസ്.ആര്‍.ടി.സി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും.