തിരുവനന്തപുരം : ശബരിമല മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താന്‍ അവസരം നല്‍കി നെയ്യഭിഷേകം ആഗ്രഹിക്കുന്നവര്‍ക്ക് പുലര്‍ച്ചെയുള്ള സ്ലോട്ടുകള്‍ അനുവദിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുന്‍വശം മുതലായ സ്ഥലങ്ങളിലും ആര്‍.എഫ്.ഐ.ഡി സ്കാനറുകളും മറ്റും സ്ഥാപിക്കും.
തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുതല്‍ പ്രസാദ വിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റ്വെയര്‍ നിര്‍മിക്കും. ആര്‍.എഫ്.ഐ.ഡി സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ക്യൂ.ആര്‍ കോഡ് അടങ്ങിയ പാസ് അനുവദിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ക്യൂ.ആര്‍ കോഡ് ഓട്ടോമാറ്റിക്കായി സ്കാന്‍ ചെയ്യുന്ന സംവിധാനം ഒരുക്കും.
ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, വീണാ ജോര്‍ജ്ജ്, ആന്‍റണി രാജു, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.