ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആറ് ദിവസം പിന്നിട്ടപ്പോള്‍ അറുപതിനായിരത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.വെര്‍ച്വല്‍ ക്യൂ വഴി മാത്രം ഇന്നലെ വൈകിട്ട് മൂന്നുവരെ എത്തിയത് 55,448 തീര്‍ത്ഥാടകര്‍.
ഇതിനുപുറമേ പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയ പൂജ തുടങ്ങിയ പ്രധാന ചടങ്ങുകളുടെ വഴിപാടുകാര്‍ക്ക് (5 തീര്‍ത്ഥാടകര്‍ വീതം) വെര്‍ച്വല്‍ ക്യൂ വഴിയല്ലാതെ ദേവസ്വത്തിന്‍റെ അനുമതിയോടെ ദര്‍ശനം നടത്താം. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്തിയിട്ടുണ്ട്.
എന്നാല്‍, സ്പോട്ട് ബുക്കിംഗിന് കാര്യമായ പ്രതികരണമുണ്ടായില്ല. ഇതുവരെ 253 പേരാണ് സ്പോട്ട് ബുക്കിംഗിലൂടെ ദര്‍ശനത്തിന് എത്തിയത്. പ്രതിദിനം 35,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിംഗിലൂടെ 5000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും.
കഴിഞ്ഞ സീസണെക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വര്‍ദ്ധനയുണ്ട്. 1000പേര്‍ക്കു വീതമായിരുന്നു കഴിഞ്ഞ സീസണില്‍ തുടക്കത്തില്‍ ദര്‍ശനാനുമതി. അത് പിന്നീട് 2000വും മകരവിളക്ക് സീസണില്‍ 5000വും ആക്കി ഉയര്‍ത്തിയിരുന്നു. ഏഴായിരത്തില്‍ താഴെ തീര്‍ത്ഥാടകരാണ് വെര്‍ച്വല്‍ ക്യൂ വഴി കഴിഞ്ഞ സീസണില്‍ ഇതേദിവസങ്ങളില്‍ ദര്‍ശനം നടത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ശനിയാഴ്ച 12,345 പേരും ഇന്നലെ വൈകിട്ട് 3 വരെ 10,065പേരും എത്തി. മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെ വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. ഡിസംബര്‍ എട്ടിന് ശേഷം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്.