തിരുവനന്തപുരം : ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി വിപുലമായ സൗകര്യങ്ങളാണു സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവന്‍ പൊലീസിന്‍റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിര്‍ച്വല്‍ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളില്‍ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാന്‍ നടപടിയെടുക്കും. കാനനപാതകളടക്കം തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാര്‍ഡ് മെഷര്‍മെന്‍റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളില്‍ പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.