കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി
ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
വലിയ ഭക്തജനതിരക്കാണ് സന്നിധാനത്തുള്ളത്. വിര്‍ച്വല്‍ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ തന്നെ 60000 ത്തോളമാണ്. അവധി ദിവസങ്ങളില്‍ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തീര്‍ത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീര്‍ത്ഥാടന കാലത്തിനാണ് ശബരിമല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. കണ്ണൂര്‍ തളിപ്പറമ്പ് കീഴുത്രം കെ ജയരാമന്‍ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി. കോട്ടയം വൈക്കം ഇണ്ഡന്‍തുരുത്തി മനയിലെ ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ മേല്‍ശാന്തി.