പത്തനെതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാവിലെ 5 മുതല്‍ 12 വരെ നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അവസരം ലഭിക്കും.ദര്‍ശന സമയം കൂട്ടുന്നത് സംബന്ധിച്ച് തന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം നീക്കുക, കരിമല വഴിയുള്ള കാനന പാത തുറക്കുക, പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 45,000ല്‍ നിന്ന് 60,000 ആക്കി ഉയര്‍ത്തുക എന്നീ ഇളവുകളാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ കാനനപാത തുറക്കുന്നതൊഴികെയുള്ള ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്കും സ്പോട്ട് ബുക്കിങ് വഴി 10,000 പേര്‍ക്കും ദര്‍ശനത്തിന് എത്താം. ബുക്കിങ് ഇല്ലാത്തവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. രാവിലെ 5 മുതല്‍ 7 വരെ നടന്നിരുന്ന നെയ്യഭിഷേകം 12 മണി വരെ നീട്ടി. നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരത്തിന് പുറമെ അഭിഷേകനെയ് ശേഖരിക്കുന്നതിനും പ്രസാദം വിതരണം ചെയ്യുന്നതിനുമുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടരും. അരവണ പ്രസാദം മതിയായ സ്റ്റോക്ക് ഉണ്ട്. അപ്പം വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നു. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നതും പരിഗണനയിലുണ്ട്. കരിമല വഴിയുളള കാനന പാത തുറക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കും. പാത സജ്ജമാക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. അങ്ങിനെയെങ്കില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്‍പായി മാത്രമേ കാനന പാത സജ്ജമാവുകയുള്ളൂ.