ശബരിമലയില്‍ ഹെലികോപ്റ്റര്‍ സര്‍വീസോ വി ഐ പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ല: ഹൈക്കോടതി

Top News

കൊച്ചി :ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ, വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ല.ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പു വരുത്തണം.
നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ,സ്വമേധയ എടുത്ത കേസില്‍ ആണ് കോടതി ഉത്തരവ്.ശബരിമലയില്‍ രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലില്‍ സജീകരിച്ച ഹെലിപ്പാട് താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്നായിരുന്നു സ്വകാര്യ സ്ഥാപനം വെബ്സൈറ്റില്‍ പരസ്യം നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്.
കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലക്കലിലെത്തിക്കുന്ന ഭക്തരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയില്‍ കൊണ്ടുപോകുമെന്നും ദര്‍ശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം.ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. പരസ്യം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടറില്‍ നിന്നും ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *