സന്നിധാനം: ശബരിമലയില്‍ ദര്‍ശന സമയം നീട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതമാണ് ദര്‍ശന സമയം വര്‍ധിപ്പിക്കുക.ഇതോടെ 18 മണിക്കൂറായിരുന്ന ദര്‍ശന സമയം 19 മണിക്കൂറായി ഉയരും.നിലവില്‍ പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്ക് മൂന്നു മണി മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം. ഇത് ഉച്ചക്ക് ഒന്നര വരെയും രാത്രി 11.30 വരെയുമായാണ് വര്‍ധിക്കുക. രാത്രി 11.20ന് ഹരിവരാസനം പാടി നട അടക്കും.
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ സാധിക്കുമോ എന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപനും എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാറും കൂടിയാലോചന നടത്തി. തുടര്‍ന്നാണ് സമയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.പ്രതികൂല കാലവസ്ഥയിലും ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച മാത്രം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 94,369 തീര്‍ഥാടകരും സ്പോട്ട് ബുക്കിങ്ങിലൂടെ പതിനയ്യായിരത്തോളം പേരുമാണ് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ തീര്‍ഥാടകരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു.
തിരക്ക് വര്‍ധിച്ചതോടെ പമ്ബ മുതല്‍ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ നിന്ന് മലചവിട്ടുന്ന തീര്‍ഥാടര്‍ 10 മണിക്കൂറോളം സമയമെടുത്താണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തുന്നത്. രാത്രിയില്‍ പെയ്യുന്ന കനത്ത മഴയും മലകയറുന്ന തീര്‍ഥാടകരെ ഏറെ വലക്കുന്നു. പുല്ലുമേട്-സത്രം വഴിയും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 7281 പേര്‍ ഈ വഴി സന്നിധാനത്തെത്തിയത്.