തിരുവനന്തപുരം: ശബരിമലയില്‍ വര്‍ദ്ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ്.15 മുതല്‍ 20 മണിക്കൂര്‍ വരെയാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ള ക്യൂ. ഹൈക്കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും ശബരിമലയില്‍ നടപ്പാക്കിയിട്ടില്ലെന്നും വി. ഡി. സതീശന്‍ കത്തില്‍ പറയുന്നു.
ശബരിമലയില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിനായില്ല. ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കൂടി വന്നതോടെ ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമാണ്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവവും ഉണ്ടായി.അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.