ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന്‍ എത്തുന്നത്. ഉച്ചക്കുശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 2019 നവംബറില്‍ ബ്രസീലിയയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും നടത്തുന്ന കൂടിക്കാഴ്ചയാണിത്. ഉച്ചകോടിയില്‍ മോദിയും പുടിനും ഉഭയകക്ഷി ബന്ധത്തിന്‍റെ സാധ്യതകള്‍ അവലോകനം ചെയ്യുു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. മോദിപുടിന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യന്‍ വിദേശകാര്യമന്ത്രിമാരായ സെര്‍ജി ലാവ്റോവ്, സെര്‍ജി ഷോയ്ഗു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.
ഉച്ചകോടിക്ക് മുന്നോടിയായി, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്‍റെ രണ്ട് യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചു.കപ്പലില്‍ അയച്ച ഇവ ഈ മാസം മദ്ധ്യത്തോടെ ഇന്ത്യയില്‍ എത്തും.അമേരിക്കയുടെ മുറുമുറുപ്പും ഉപരോധ ഭീഷണിയും അവഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സന്നാഹമെന്ന് വിലയിരുത്തുന്ന ട്രയംഫ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. കഷ്ടിച്ച് പത്ത് മണിക്കൂര്‍ മാത്രം നീളുന്ന പുട്ടിന്‍റെ സന്ദര്‍ശനത്തിന് മുമ്പ് തന്നെ റഷ്യ ഇവ ഇന്ത്യയിലേക്ക് അയച്ചത് അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കുള്ള സന്ദേശം കൂടിയാണ്. മൊത്തം അഞ്ച് ട്രയംഫ് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വര്‍ഷം സെപ്റ്റംബറോടെ എത്തും.
ഇന്ത്യയില്‍ ഇപ്പോള്‍ എത്തുന്ന യൂണിറ്റുകള്‍ മൂന്ന് മാസത്തിനകം റഷ്യയുടെ സാങ്കേതിക സഹായത്തോടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും.