. മരണം 5000 കവിഞ്ഞു
. കഴിഞ്ഞദിവസം മാത്രം 700ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു
. ഹമാസ് മോചിപ്പിച്ച രണ്ട് വനിതകള്‍ ഇസ്രയേലില്‍ തിരിച്ചെത്തി
. മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്ന് ജോ ബൈഡന്‍
ടെല്‍അവീവ്: രണ്ടര ആഴ്ചയായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മാത്രം 700 ല്‍ അധികം പേര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രൂക്ഷമായ വ്യോമാക്രമണമാണ് ഗാസയില്‍ നടക്കുന്നത്. വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍ കരസേന മേധാവി ഹര്‍സി ഹവേലി വ്യക്തമാക്കി. കരയുദ്ധത്തിന് പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പ്,തെക്കന്‍ ഗാസയിലെ പ്രധാന നഗരങ്ങളായ റഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മധ്യഗാസയില്‍ നടന്ന ആക്രമണത്തില്‍ 20 ലധികം പേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലെബനനില്‍ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാഖിലും സിറിയയിലും അമേരിക്കയുടെ സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ അനുകൂല സംഘങ്ങള്‍ ആക്രമണം നടത്തിയതായി വൈറ്റ് ഹൌസ് അറിയിച്ചു.
ഹമാസ് തിങ്കളാഴ്ച മോചിപ്പിച്ച രണ്ട് വനിതകള്‍ ഇസ്രയേലില്‍ തിരിച്ചെത്തി.വനിതകളെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്‍റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി കാട്സ് വ്യക്തമാക്കി. വ്യോമാക്രമണങ്ങളില്‍ ഗാസ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിര്‍ത്തലിനെപ്പറ്റി ചര്‍ച്ചപോലും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്ന് ഇസ്രായേലി പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു. ശത്രുക്കളെ നശിപ്പിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി പ്രസിഡന്‍റ് വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ചും ഐസക് ഹെര്‍സോഗ് പ്രതികരിച്ചു. ലെബനന്‍ തീകൊണ്ട് കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേലി പ്രസിഡന്‍റ് ഹിസ്ബുള്ള തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിച്ചാല്‍ ലെബനന്‍ അതിന്‍റെ നല്‍കേണ്ടി വരുമെന്നും താക്കീത് ചെയ്തു.പലസ്തീനികളെ കുടിയിറക്കുകയും അവരുടെ ഭൂമി കോളനിവല്‍ക്കരിക്കുന്നതും അടക്കമുള്ള നിയമവിരുദ്ധമായ അതിക്രമങ്ങള്‍ തുടരുന്നതിന് ഇസ്രയേലിന് നിരുപാധികമായ പച്ചക്കൊടി കാണിക്കാനാവില്ലെന്ന് ഖത്തര്‍ ഭരണാധികാരി വ്യക്തമാക്കി. വെള്ളവും മരുന്നും ഭക്ഷണവും ആയുധമാക്കാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടനടി വെടിനിര്‍ത്താനും ഖത്തര്‍ ഭരണാധികാരി ആഹ്വാനം ചെയ്തു.
ഇസ്രയേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെല്‍ അവീവില്‍ എത്തി. മാക്രോണ്‍ ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് തടവിലാക്കിയ ഫ്രഞ്ച്-ഇസ്രയേല്‍ പൗരന്മാരുടെ കുടുംബങ്ങളെ ഫ്രഞ്ച് പ്രസിഡന്‍റ് കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ 28 പൗരന്മാര്‍ കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതായതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ സൂക്ഷ്മമായി പിന്തുടരുകയാണെന്ന് നേരത്തെ മാക്രേണ്‍ വ്യക്തമാക്കിയിരുന്നു.
യുദ്ധസാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും.