ന്യൂഡല്‍ഹി: നാവികസേന വിമാനം റണ്‍വേയില്‍ കുടുങ്ങിയതിന് പിന്നാലെ ലേ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.സി-17 ഗ്ളോബ്മാസ്റ്റര്‍ വിമാനമാണ് വിമാനത്താവളത്തിലെ റണ്‍വേയില്‍ കുടുങ്ങിയത്. വ്യോമസേന രക്ഷാപ്രവര്‍ത്തനങ്ങളിലടക്കം ട്രാന്‍സ്പോര്‍ട്ട് ആവശ്യത്തിനായി വിനിയോഗിക്കുന്ന വിമാനം പ്രയോജനക്ഷമത പ്രശ്നങ്ങളാലാണ് റണ്‍വേയില്‍ കുടുങ്ങിയത് എന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വിമാനം റണ്‍വേയില്‍ തടസം സൃഷ്ടിച്ചതോടെ മറ്റ് വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും ബാധിക്കപ്പെട്ടു. വിമാനത്താവളത്തിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കുടുങ്ങിയ വിമാനത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും റണ്‍വേ അടുത്ത ദിവസം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം സ്പെയിന്‍ ആസ്ഥാനമായ സ്വകാര്യ കമ്പനി വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്ന 56 സി -295 വിമാനങ്ങളില്‍ ആദ്യത്തേതിന്‍റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ വിമാനത്തിന്‍റെ നിര്‍മ്മാണവും പരീക്ഷണ പറക്കലും പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പൈലറ്റുമാരും സാങ്കേതിക വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സംഘം ഉടന്‍തന്നെ സ്പെയിനിലേക്ക് തിരിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വ്യോമസേന ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മ്മിത ആവ്രോ വിമാനങ്ങള്‍ക്ക് പകരമാകും സി 295 വിമാനങ്ങള്‍ ഉപയോഗിക്കുക. ആവ്രോ വിമാനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന നേരത്തെ തീരുമാനിച്ചിരുന്നു.