ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരുന്നുകളുടെ ആധികാരികത ഉറപ്പു വരുത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര തലത്തില്‍ വ്യാജ വാക്സിനുകള്‍ ഇറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
കോവിഷീല്‍ഡ്, കോവാക്സിന്, സ് പുട്നിക്വി വാക്സിനുകളുടെ നിര്‍മാതാക്കളില്‍നിന്നുള്ള വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയത്.
വാക്സിനുകളുടെ ലേബല്‍, നിറം തുടങ്ങിയ സൂക്ഷ്മ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൈമാറിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ വ്യാജന് തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വ്യാജ കോവിഡ് വാക്സിന് വില്‍ക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു.