തിരുവനന്തപുരം: മഹാരാജാസ് കോളേജിന്‍റെ പേരില്‍ വിദ്യ എന്ന പെണ്‍കുട്ടി വ്യാജരേഖ ചമച്ചതിന് പ്രിന്‍സിപ്പലോ കൊളജോ കുറ്റക്കാരാകുന്നത് എങ്ങനെയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വിദ്യയാണ് തെറ്റ് ചെയ്തത്. അവര്‍ ഹാജരാക്കിയ കൊളേജിന്‍റെ ലെറ്റര്‍പാഡും സീലും വ്യാജമാണ്.
മുതിര്‍ന്ന വ്യക്തിയാണ് വിദ്യ. അങ്ങനെയൊരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ അതിന്‍റെ കുറ്റം അവരില്‍ തന്നെയാണ് നിക്ഷിപ്തമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. എന്‍ഐആര്‍എഫ് റാങ്കിങില്‍ മികച്ച സ്ഥാനം നേടി മുന്നേറുന്ന മഹാരാജാസ് കൊളജിനെ വിലയിടിച്ച് കാട്ടാനാണ് ചില മാധ്യമങ്ങളുടെ ശ്രമം.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായതാണ്. സാങ്കേതിക പിഴവാണ് സംഭവിച്ചത്. ഇതിന്‍റെ പേരില്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല.ജൂനിയര്‍ ക്ലാസിലെ വിദ്യാര്‍ഥികളുടേതിന് ഒപ്പം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് എങ്ങനെ വന്നു എന്ന് സര്‍ക്കാര്‍ അന്വേഷിക്കും.ഇത് സംബന്ധിച്ച് ആര്‍ഷോയുടെ പരാതിയും ലഭിച്ചിട്ടുണ്ട്.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍റെ ലീഗല്‍ സബ് കമ്മിറ്റി അന്വേഷിക്കുകയാണ്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സര്‍വകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കും.