മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കാണാതായ വോട്ടുപെട്ടിയില്‍നിന്നും ബാലറ്റുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്.പെട്ടി തുറന്നിട്ട നിലയിലായിരുന്നുവെന്ന് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഞ്ചാം നമ്ബര്‍ ടേബിളിലെ ബാലറ്റാണ് കാണാതായത്. ബാലറ്റുകളുടെ എണ്ണം അടയാളപ്പെടുത്തിയ രേഖ നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് ഇരുമ്ബു പെട്ടികളിലായാണ് ബാലറ്റ് സൂക്ഷിച്ചിരുന്നത്. ഇതില്‍ നിന്നാണ് അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റുകള്‍ നഷ്ടപ്പെട്ടത്. മറ്റ് രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ല.കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറില്‍നിന്നു സ്പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു പെട്ടി കണ്ടെത്തിയത്.