ന്യൂഡല്‍ഹി: വൈ.എസ്.ശര്‍മിളയെ ആന്ധ്ര പി.സി.സി അധ്യക്ഷയായി നിയമിച്ച് എ.ഐ.സി.സി വാര്‍ത്ത കുറിപ്പിറക്കി. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.വൈ.എസ്. ശര്‍മിളയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു രാജി. രുദ്ര രാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി നിയമിച്ചു.ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളുമായ ശര്‍മിള തന്‍റെ പാര്‍ട്ടിയെ (വൈ.എസ്.ആര്‍ തെലങ്കാന) കഴിഞ്ഞ ജനുവരി നാലിനാണ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്. തെലങ്കാനയില്‍ ബി.ആര്‍.എസ് ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് പിറകെയായിരുന്നു ശര്‍മിളയുടെ തീരുമാനം.സംസ്ഥാന നേതൃപദവിയിലേക്ക് വന്നതോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കോണ്‍ഗ്രസിനെ ശര്‍മിള നയിച്ചേക്കും.