കണ്ണൂര്‍: അഴിമതിയും ധൂര്‍ത്തും ഊടും പാവും നെയ്യുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകള്‍ക്കിടയില്‍ വൈവിദ്ധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടി കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍. ഉത്പാദനത്തിനിടെ പുറന്തള്ളുന്ന പരുത്തിമാലിന്യവും നൂല്‍ ആക്കി മാറ്റുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. മാലിന്യമായി പാഴാകുന്ന പരുത്തി ഉപയോഗിച്ച് നൂല്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതിലൂടെ മില്ലിന് പ്രതിവര്‍ഷം അഞ്ചുകോടിയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന കൗണ്ട് നൂല്‍ ഉത്പാദിപ്പിക്കുമ്പോള്‍ പുറന്തള്ളുന്ന മാലിന്യത്തില്‍നിന്ന് നൂല്‍ ഉത്പാദിപ്പിക്കുന്നതാണ് 2.8 കോടിയുടെ പദ്ധതി. മില്ലിലുള്ള യന്ത്രങ്ങളും പുതുതായി വാങ്ങുന്നവയും ഉപയോഗിച്ച് കേരള വിപണിയില്‍ നല്ല വില്‍പനയുള്ള ഇനം നൂല്‍ ഉത്പാദിപ്പിക്കും. മില്‍ ആധുനികവല്‍ക്കരിച്ചതോടെ ഉപേക്ഷിച്ച യന്ത്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. രണ്ടരക്കോടി രൂപയുടെ പുതിയ യന്ത്രങ്ങളും വാങ്ങും. കര്‍ട്ടന്‍, ബെഡ്ഷീറ്റ് അടക്കമുള്ള ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍, ജീന്‍സ് തുടങ്ങിയവയുടെ നൂലാണ് ഇങ്ങനെ ഉത്പാദിപ്പിക്കുന്നത്. 25 പേര്‍ക്ക് പുതുതായി ജോലി നല്‍കാനുമാകും.
ലോക്ക് ഡൗണിലും നൂല്‍ കയറ്റിയയച്ച് കണ്ണൂര്‍ സ്പിന്നിംഗ് മില്‍ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. മില്ലിലെ 50 ശതമാനം നൂലും മുംബയിലേക്കാണ് കൊണ്ടുപോകുന്നത്. സംസ്ഥാനത്ത് സ്കൂള്‍ യൂണിഫോമിന് 20 ശതമാനം നൂല്‍ നല്‍കുന്നുണ്ട്. നാഷണല്‍ ഹാന്‍ഡ്ലൂം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ വഴി ഹാന്‍ടെക്സ്, ഹാന്‍വീവ്, കൈത്തറി സൊസൈറ്റി എന്നിവയ്ക്കും വിതരണം ചെയ്യുന്നുണ്ട്. കമ്ബോളത്തില്‍ നൂല്‍ വില കിലോയ്ക്ക് 30 രൂപ കുറഞ്ഞത് മില്ലിന് വന്‍ തിരിച്ചടിയായിരിക്കയാണ്. നേരത്തെ 220 രൂപയുണ്ടായിരുന്നു. ഇപ്പോള്‍ 190 രൂപയാണ് ലഭിക്കുന്നത്. വിദേശത്തേക്ക് കയറ്റിയയക്കുന്ന നൂലിന് ഇതിനേക്കാള്‍ വില ലഭിക്കുന്നുണ്ട്.