വൈറസ് ബാധകളുടെ പേരില്‍ കര്‍ഷകരെ പ്രയാസപ്പെടുത്തരുത്: കര്‍ഷക കോണ്‍ഗ്രസ്

Top News

കോഴിക്കോട്:നിരന്തരം ഉണ്ടാകുന്ന വൈറസ് ബാധകളുടെ പേരില്‍ കര്‍ഷകരുടെ ചോറില്‍ മണ്ണ് വാരി ഇടരുതെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിജു കണ്ണന്തറ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിപ വൈറസിന്‍റെ വ്യാപനവുമായി ബന്ധപ്പെട്ട്, അധികാര കേന്ദ്രങ്ങള്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തി പഴം, പച്ചക്കറി അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത ഇല്ലാതാക്കരുത്. മരം പൂക്കുമ്പോള്‍ മുതല്‍ വലയിട്ട് മൂടി വവ്വാലുകളുടെയും മറ്റ് പക്ഷികളുടെയും ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചാണ് കൃഷിക്കാര്‍ റമ്പൂട്ടാന്‍ അടക്കമുള്ള പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കുന്നത്.
തികച്ചും ഭക്ഷ്യയോഗ്യമായ അത്തരം കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഒരു തരത്തിലും വൈറസ് ബാധ ഉണ്ടാകുകയില്ല. രോഗാണുബാധയുടെ സ്രോതസ്സ് സംശയാതീതമായി ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം തടയുന്ന രീതിയിലുള്ള ഒരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ നിന്നോ, ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നോ, പോലീസ്, റവന്യൂ, ആരോഗ്യ, തൃതല പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴികളെയും പന്നികളെയും മതിയായ നഷ്ടപരിഹാരം കൊടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നുണ്ട്.ഇത്തരം വിഷമഘട്ടങ്ങളില്‍ പാവപ്പെട്ട കൃഷിക്കാരനെ സര്‍ക്കാര്‍ ആലോചിക്കുന്നേയില്ല.
കൃഷിക്കാരെ ദ്രോഹിക്കാത്ത രീതിയില്‍, രോഗത്തെ ചെറുക്കാനും പ്രതിരോധിക്കാനും വിവിധ വകുപ്പുകളെ സജ്ജമാക്കണമെന്നും, അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തി കൃഷിക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *