വൈപ്പിന്‍ ബോട്ടപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

Top News

കൊച്ചി : വൈപ്പിനില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണന്‍ എന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് നിസാര പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി വൈപ്പിനില്‍ 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ഇന്‍ബോര്‍ഡ് വളളമാണ് മറിഞ്ഞത്. സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ വളളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. പുതുവൈപ്പിനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്ത് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. വൈപ്പിന്‍ കാളമുക്കില്‍ നിന്നും 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്‍റണി എന്ന ഇന്‍ ബോര്‍ഡ് വള്ളം പുതുവൈപ്പ് എല്‍ എന്‍ജി ടാങ്കിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു.
മൂന്ന് മാസം മുമ്പ് അപകടത്തില്‍പ്പെട്ട് മുങ്ങിയ ബോട്ടിന്‍റെ ഇരുമ്പു തകിടില്‍ വള്ളം ഇടിച്ച് മറയുകയായിരുന്നു. ഉടന്‍ സമീപത്തുളള മറ്റ് വള്ളത്തിലുള്ളവര്‍ എത്തി എല്ലാവരെയും രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞു.
അപകടം ഉണ്ടായത് കപ്പല്‍ ചാലില്‍ അല്ലെങ്കില്‍ അഴിമേഖല ആയതിനാല്‍ അപകട സാധ്യത കൂടുതലാണ്. മത്സ്യത്തൊഴിലാളികള്‍ ആയതിനാലും കടലുമായി പരിചയവും ഭയവും ഇല്ലാത്തതിനാലുമാണ് ദുരന്തം ഒഴിവായത്. സമയോചിതമായ രക്ഷാപ്രവര്‍ത്തനവും സഹായകമായി. അപകടത്തില്‍ പെടുന്ന ബോട്ടുകള്‍ നീക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *