കൊച്ചി: വൈഗ കൊലക്കേസില്‍ അച്ഛന്‍ സനു മോഹന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 28 വര്‍ഷം കഠിനതടവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 1,70,000 രൂപ പിഴയും പ്രതി അടക്കണം. നാല് കുറ്റങ്ങളിലെ 28 വര്‍ഷം തടവുശിക്ഷ അനുഭവിച്ചശേഷം കൊലപാതകത്തിനുള്ള ജീവപര്യന്തം തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.
കൊപാതക കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ, ശരീരത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഐ.പി.സി. 308 പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും, കുട്ടിയെ കൊലപ്പെടുത്തിയതിന് ജുവനൈല്‍ ജസ്റ്റിസ് നിയമം 75 എ പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും, കുട്ടിക്ക് മദ്യം നല്‍കിയതിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
പ്രതിക്കെതിരായ അഞ്ച് കുറ്റങ്ങളും തെളിഞ്ഞതായും കുഞ്ഞിന് സ്നേഹവും പരിചരണവും നല്‍കേണ്ട അച്ഛന്‍ തന്നെ ജീവനെടുത്തെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
2021 മാര്‍ച്ച് 21നാണ് ഭര്‍ത്താവ് സനു മോഹനെയും മകള്‍ പതിമൂന്നുകാരി വൈഗയെയും കാണാനില്ലെന്ന് ഭാര്യ
രമ്യ പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് സനു മോഹന്‍ വൈഗയുമായി പോകുകയായിരുന്നു. മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ നിന്ന് വൈഗയുടെ മൃതദേഹം കണ്ടെടുത്തു. സനു മോഹനും പുഴയില്‍ ചാടി ജീവനൊടുക്കിയെന്ന നിഗമനത്തില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
സനു മോഹന്‍ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മകള്‍ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മകള്‍ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനു മോഹന്‍റെ ശ്രമം. കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ മറ്റൊരാളായി ജീവിക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയടക്കമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 97 സാക്ഷികളാണുള്ളത്.
സനു പുണെയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സനു മോഹനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പൊലീസും ശ്രമിച്ചിരുന്നു.