വെസ്റ്റ് നൈല്‍ പനി; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Top News

തിരുവനന്തപുരം : മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും. എന്നാല്‍ ജപ്പാന്‍ ജ്വരം പോലെ ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *