വെള്ളക്കെട്ടില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്റ്റാലിന്‍റെ രക്ഷാപ്രവര്‍ത്തനം

Kerala

ചെന്നൈ: ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്റ്റാലിന്‍.പ്രളയബാധിത പ്രദേശങ്ങളിലെ മെഡിക്കല്‍ ക്യാമ്പുകളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ക്യാമ്പിലെത്തി ജനങ്ങള്‍ക്കൊപ്പം ചെലവഴിച്ച അദ്ദേഹം അവിടത്തെ ഭക്ഷണം രുചിച്ച് നോക്കാനും മറന്നില്ല. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും പുതപ്പും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും നടത്തുന്നുണ്ട്.വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും അദ്ദേഹവും സംഘവും മുന്നില്‍ തന്നെയുണ്ട്. ദുരന്തബാധിതരുടെ പരാതികളും കേട്ട് വേണ്ട സഹായങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്. 2015 ലെ പ്രളയത്തിന് ശേഷമുള്ള ഏറ്റവും കനത്ത മഴയെയാണ് ചെന്നൈ ഇപ്പോള്‍ നേരിടുന്നത്.
മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതര്‍ക്ക് അമ്മ ഉണവകങ്ങളില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കുന്ന അമ്മ ഉണവകം പദ്ധതി ജയലളിതയുടെ കാലത്താണ് തുടങ്ങിയത്.
കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ചു നല്‍കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രളയരക്ഷാപ്രവര്‍ത്തനത്തിനെത്തിയ അദ്ദേഹം ഒരു വിവാഹത്തിനും പങ്കെടുത്ത വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കനത്തമഴ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനപ്പുറം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച സ്റ്റാലിന് സോഷ്യല്‍ മീഡിയയും കൈയടിക്കുകയാണ്.
മന്ത്രിമാരായ കെ.എന്‍ നെഹ്റു, പി.കെ ശേഖര്‍ ബാബു തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ട്. സ്റ്റാലിന്‍റെ മകനും സിനിമാതാരവും എം എല്‍ എയുമായ ഉദയനിധി സ്റ്റാലിനും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *