ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 രൂപ മുതല്‍ 550 രൂപ വരെ വര്‍ദ്ധന
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യം
കൂട്ടിയ നിരക്കുകള്‍ ഫെബ്രുവരി മൂന്നു മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ തീരുമാനം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നികുതി ഭാരത്തില്‍ തകര്‍ന്നിരിക്കുന്ന ജനത്തിന് ഇരുട്ടടിയാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം. വിന്‍സന്‍റ് എംഎല്‍എ കുറ്റപ്പെടുത്തി.ജല അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മറുപടിയായി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജല അതോറിറ്റി 4912.42 കോടി രൂപ സഞ്ചിത നഷ്ടം നേരിടുന്നു.1263 കോടി കെഎസ്ഇബിക്ക് മാത്രം നല്‍കാനുണ്ട്. ബ്ലീച്ചിംഗ് പൗഡര്‍ അടക്കം എല്ലാത്തിനും വിലകൂടി. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ എഡിബി വായ്പയുടെ ബാധ്യത തീര്‍ക്കാനാണ് കരം കൂട്ടിയതെന്ന് വിന്‍സന്‍റ് എംഎല്‍എ കുറ്റപ്പെടുത്തി.
ഇന്ധനസെസും കെഎസ്ഇബി നിലക്ക് വര്‍ദ്ധനയും വെള്ളക്കരം കൂട്ടിയതും എല്ലാംചേര്‍ത്തു സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന ജനങ്ങളുടെ കരണത്തടിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് അദ്ദേഹം പറഞ്ഞു
അതേസമയം വെള്ളക്കരം കൂട്ടിയത് സഭയില്‍ പ്രഖ്യാപിക്കാത്തതില്‍ മന്ത്രിയെ വിമര്‍ശിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കി. വെള്ളക്കരം കൂട്ടല്‍ സഭയില്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എ.പി അനില്‍കുമാര്‍ ക്രമപ്രശ്നം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റൂളിംഗ്. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ ഒരാള്‍ ഒരു ദിവസം 100 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കണക്ക് അനുസരിച്ച് ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധങ്ങളുയരുമ്പോഴാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. ഫെബ്രുവരി മൂന്നു മുതല്‍ വര്‍ദ്ധന പ്രബല്യത്തില്‍ വന്നു.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിനിമം 50 രൂപ മുതല്‍ മുതല്‍ 550 രൂപ വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്നും 72.05 രൂപയായി ഉയര്‍ന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യമായി ലഭിക്കും.