വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; ആറ് പ്രതികള്‍ അറസ്റ്റില്‍

Top News

കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബി.വി.എസ്.സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്‍റെ ദുരൂഹ മരണത്തില്‍ കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തെ കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ട 12 പേരില്‍ പെടാത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹന്‍ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആര്‍.ഡി (23) എന്നിവരെയാണ് കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവന്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്.ചോദ്യം ചെയ്യാന്‍ വേണ്ടി സ്റ്റേഷനിലേക്ക് വിളിപ്പിച്ച എട്ടുപേരില്‍ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 306, 323, 324, 341, 342 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇതില്‍ അന്യായമായി തടഞ്ഞുവെക്കല്‍, അടിച്ചു പരിക്കേല്‍പിക്കല്‍, റാഗിങ്ങ്, ആത്മഹത്യ പ്രേരണ എന്നിവയും ഉള്‍പ്പെടും.
സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് കോളജില്‍ നിന്നും നേരത്തെ 12 പേരെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോളജ് യൂണിയന്‍ പ്രസിഡന്‍റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുള്‍പ്പെടുന്നു. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഇവരെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥന്‍റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ വിവിധ കോണുകളില്‍നിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് ബുധനാഴ്ച വൈകീട്ട് ഏഴോടെ ആറ് പേരെ അറസ്റ്റ് ചെയ്തത്. മൊത്തം ഇരുപതിലധികം പേരാണ് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചത്. ഇതില്‍ 12 പേരെ നേരത്തെ തിരിച്ചറിയുകയും കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആന്‍റി റാഗിങ്ങ് നിയമപ്രകാരം ഇവരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാര്‍ഥനെയാണ് ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാര്‍ഥന്‍റെ മാതാപിതാക്കളും രംഗത്തുവന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെ നിരവധി പാടുകളുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *