വെടിവച്ചിട്ട ചാരബലൂണിന്‍റെ അവശിഷ്ടങ്ങള്‍ ചൈനക്ക് കൈമാറില്ലെന്ന് അമേരിക്ക

Top News

വാഷിങ്ങ്ടണ്‍: യു.എസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്‍റെ അവശിഷ്ടങ്ങള്‍ ചൈനക്കു കൈമാറില്ലെന്നു യു.എസ് അധികൃതര്‍ വ്യക്തമാക്കി.അറ്റ്ലാന്‍റിക് സമുദ്രത്തില്‍ വീണ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വിശദമായ ഇന്‍റലിജന്‍സ് പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം. ചില അവശിഷ്ടങ്ങള്‍ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
ജനുവരി 28ന് അമേരിക്കന്‍ ആകാശത്തെത്തിയ ബലൂണ്‍ ശനിയാഴ്ച ഉച്ചക്ക് 2.39നാണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.09ന്) ആണ് യു.എസ് നോര്‍ത്തേണ്‍ കമാന്‍ഡ് യുദ്ധവിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. കാനഡയുടെ പിന്തുണയോടെയാണ് യു.എസ് വ്യോമസേനയുടെ എഫ്-22 യുദ്ധവിമാനം ബലൂണ്‍ വീഴ്ത്തിയത്. സൗത്ത് കരോലൈനയിലെ അമേരിക്കന്‍ തീരത്ത് നിന്ന് 9.65 കിലോമീറ്റര്‍ അകലെ അറ്റ്ലാന്‍റിക് സമുദ്രത്തിലാണു ബലൂണ്‍ പതിച്ചത്.ബലൂണ്‍ വെടിവെച്ചിടുമ്ബോള്‍ മൂന്നോളം എയര്‍പോര്‍ട്ടുകള്‍ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബലൂണ്‍ വെടിവെച്ചിടാന്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. അവര്‍ വിജയകരമായി ബലൂണ്‍ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച് ജോ ബൈഡന്‍ പ്രതികരിച്ചത്.
ജനുവരി 28ന് അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോഴാണ് മൂന്ന് ബസുകളുടെ വലുപ്പമുള്ളതാണ് ബലൂണ്‍ ആദ്യമായി യു.എസിന്‍റെ ശ്രദ്ധയില്‍പെട്ടത്. 30ന് കനേഡിയന്‍ ആകാശത്തേക്ക് നീങ്ങിയ ബലൂണ്‍ ജനുവരി 31ന് വീണ്ടും യു.എസ് വ്യോമാതിര്‍ത്തിയിലേക്ക് എത്തുകയായിരുന്നു.ചാരബലൂണ്‍ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ വഷളാക്കിയിരുന്നു. ഇതേതുടര്‍ന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് ബലൂണ്‍ അയച്ചതെന്നായിരുന്നു ചൈനയുടെ വിശദീകരണം.വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂണ്‍ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യു.എസിലെയും കാനഡയിലെയും സൈനികമേഖലകള്‍ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്‍റെ ലക്ഷ്യമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആരോപിച്ചു. അതേസമയം ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *