തിരുവനന്തപുരം: പൊറോട്ട കിട്ടാന്‍ വൈകിയെന്നാരോപിച്ച് സ്ത്രീയ്ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ചിറയിന്‍കീഴില്‍ തട്ടുകട നടത്തുന്ന ഓമനയ്ക്ക്(65) നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മൂന്ന് പേര്‍ കടയില്‍ എത്തി പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട നല്‍കാന്‍ വൈകിയപ്പോള്‍ പ്രകോപിതരായ പ്രതികള്‍ ചിക്കന്‍ പാകം ചെയ്യാന്‍ വച്ചിരുന്ന തിളച്ച എണ്ണ ഓമനയുടെ നേരെ എറിയുകയായിരുന്നു.
പിന്നാലെ കടയില്‍ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെയും പ്രതികള്‍ മര്‍ദിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കിഴുവിലം സ്വദേശി അജിത്, പ്രതിഭ ജംഗ്ഷന്‍ സ്വദേശി അനീഷ്, എസ്.എന്‍ ജംഗ്ഷന് സമീപം താമസിക്കുന്ന വിനോദ് എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്കെതിരെ തിരുവനന്തപുരം ജില്ലയില്‍ പത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.