ശ്രീനഗര്‍: ഇന്ത്യയില്‍ പാകിസ്ഥാന്‍ ഭീകരര്‍ പൂഞ്ച് മാതൃകയില്‍ വീണ്ടും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.ഇതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജി 20സമ്മേളനത്തെ തടസപ്പെടുത്താനും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുമാണ് പൂഞ്ച് മാതൃകയില്‍ മറ്റൊരു ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇനിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കി. ഈ മാസം ശ്രീനഗറില്‍ ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ജി 20യുടെ പ്രസിഡന്‍റ് സ്ഥാനം 2022 ഡിസംബര്‍ ഒന്നിന് ഇന്ത്യ ഏറ്റെടുത്തിരുന്നു.
ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സുരക്ഷാ സംബന്ധമായ പ്രശ്നങ്ങള്‍ അവലോകനം ചെയ്ത അമിത് ഷാ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിനും ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ ഏജന്‍സികളുടെയും ഭരണകൂടത്തിന്‍റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ജമ്മു-കാശ്മീരിലെ സാംഗിയോട്ടില്‍ നടക്കാനിരുന്ന ഇഫ്താര്‍ സംഗമത്തിലേക്കുള്ള പഴങ്ങളും മറ്റു വസ്തുക്കളും കൊണ്ടുപോകുന്നതിനിടെയാണ് ജമ്മുവിലെ പൂഞ്ചില്‍ സൈനിക ട്രക്കിന് നേരെ ഭീകരാക്രമണമുണ്ടായത്. ഇതില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.