വീണ്ടും ബി ജെ പി സഖ്യം

Kerala

. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ബിജെപി സഖ്യ സര്‍ക്കാര്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ കരുത്ത് തെളിയിച്ചു വീണ്ടും ബിജെപി.
സിപിഎം-കോണ്‍ഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി വിജയക്കൊടി നാട്ടി ഭരണത്തുടര്‍ച്ചയില്‍ . 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ ബിജെപി നേടി. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. സിപിഎം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ തിപ്രമോത്ത 13 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷ കക്ഷിയായി ഉയര്‍ന്നു. സിപിഎമ്മിന് മുഖ്യപ്രതിപക്ഷ കക്ഷി എന്ന സ്ഥാനം നഷ്ടമായി.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തിയെങ്കിലും പിന്നീടതിനെ മറികടക്കാന്‍ ബിജെപിക്കായി. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിപിഎം 11 സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഎം 16 സീറ്റുകളിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അഞ്ച് സീറ്റ് നഷ്ടപ്പെട്ടു.കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസിന് സഖ്യം നേട്ടമായി.ഗോത്രമേഖലയില്‍ നടത്തിയ മികച്ച പ്രകടനമാണ് പ്രത്യോദ് മാണിക്യ ബര്‍മന്‍റെ നേതൃത്വത്തിലുള്ള തിപ്ര മോത്തക്ക് 13 സീറ്റുകള്‍ സമ്മാനിച്ചത്. അതേസമയം കഴിഞ്ഞതവണ എട്ട് സീറ്റുകള്‍ നേടിയ മറ്റൊരു ഗോത്രവര്‍ഗ പാര്‍ട്ടിയായ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയ്ക്ക് ഇത്തവണ ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. മുഖ്യമന്ത്രിയായിരുന്ന മണിക് സാഹ വീണ്ടും വിജയിച്ചു കയറിയപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്ന ജിഷ്ണു ദേവ് ശര്‍മ്മ പരാജയപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിക്കും കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മ്മനും വിജയം നേടാനായി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മണിക് സഹ അറിയിച്ചു.
2018ല്‍ ബിജെപി സഖ്യം 44 സീറ്റുകളാണ് നേടിയത്. ബിജെപി 36, സഖ്യകക്ഷിയായ ഐപിഎഫ് ടി 8 എന്നായിരുന്നു എന്‍ ഡി എ. നില. അതാണ് ഇപ്പോള്‍ 33 സീറ്റുകള്‍ ആയി ചുരുങ്ങിയത്. ഭരണവിരുദ്ധ വികാരവും സംസ്ഥാനത്ത് പാര്‍ട്ടിയിലെ ഉള്‍പ്പോരും മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത്തവണയും ബിജെപി ഒറ്റയ്ക്ക് തന്നെയാണ് കേവല ഭൂരിപക്ഷം നേടിയത്. എങ്കിലും ബിജെപിക്ക് നാലു സീറ്റും സഖ്യ കക്ഷിക്ക് ഏഴു സീറ്റുകളും കുറഞ്ഞു. തിപ്രമോത്തയുടെ ആവിര്‍ഭവമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 22 ശതമാനം വോട്ടുകളാണ് തിപ്രമോത്ത നേടിയത്.
പ്രതിപക്ഷ വോട്ടുകള്‍ തിപ്രമോത്തയും സ്വതന്ത്രരും പിടിച്ചതും പത്തിലധികം സീറ്റുകളില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയായി.
നാഗാലാന്‍ഡില്‍ 60 അംഗനിയമസഭയില്‍ എന്‍ ഡി പി പി – ബിജെപി സഖ്യം 37 സീറ്റ് നേടി ഭരണം നിലനിര്‍ത്തി.സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി വനിത എംഎല്‍എ നിയമസഭയില്‍ എത്തിക്കാനും ഈ സഖ്യത്തിന് കഴിഞ്ഞു.
മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 59 അംഗ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 26 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ പി പി,ബിജെപിയുടെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് രണ്ടു സീറ്റാണുള്ളത്.അങ്ങനെയെങ്കില്‍ മേഘാലയയില്‍ എന്‍ പി പി സര്‍ക്കാരില്‍ ഇത്തവണയും ബിജെപിക്ക് പങ്കുണ്ടാകും. ഇതോടെ എന്‍ പി പി നേതാവ് കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകുമെന്നുറപ്പായി. കോണ്‍റാഡ് സാംഗ്മ സര്‍ക്കാറിന്‍റെ തുടര്‍ഭരണമാണ് ഇക്കുറി. കഴിഞ്ഞതവണയും ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *