കോതമംഗലം:കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരപരുക്ക്. പൂയംകുട്ടി ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്കു സമീപം മഞ്ചപ്പാറ എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം.
സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയില്‍ രണ്ടുപേരും കൊല്ലം ആയൂരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.ചാലക്കുടി പുഴയോരത്തുള്ള വെട്ടുകടവില്‍ രണ്ടു ദിവസം മുന്‍പ് കാട്ടുപോത്തിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ചാലക്കുടി വെട്ടുകടവ് റോഡില്‍ നിലയുറപ്പിച്ച പോത്തിനെ കണ്ടു ഭയന്ന യാത്രക്കാരന്‍റെ സ്കൂട്ടറിന്‍റെ പിന്നില്‍ പുറകിലൂടെ വന്ന കാര്‍ ഇടിച്ച് അപകടമുണ്ടായി. പരുക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വന്യമൃഗ്യങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയരുന്നത്.അതിനിടെ കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന മുന്‍ പ്രതികരണം മയപ്പെടുത്തി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സമരത്തെ കെസിബിസി പ്രകോപനപരമായി പ്രോത്സാഹിപ്പിക്കുന്നില്ല. മൃതദേഹം വച്ച് വിലപേശല്‍ നടത്തരുത് എന്നാണ് കെസിബിസി പറഞ്ഞതെന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു.