വീണ്ടും ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ജപ്പാന്‍

Gulf Latest News

ടോക്യോ: ഫുകുഷിമ ആണവനിലയ ദുരന്തത്തോടെ പിറകോട്ടുപോയ ആണവോര്‍ജ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ ജപ്പാന്‍. പുതിയ നിലയങ്ങള്‍ നിര്‍മിക്കുന്നത് രാജ്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ഫുമിയോ കുഷിദ പറഞ്ഞു.2011ലെ സൂനാമിയില്‍ ഫുകുഷിമ നിലയം വെള്ളത്തില്‍ മുങ്ങിയത് വന്‍ദുരന്തത്തില്‍ കലാശിച്ചിരുന്നു.
ആണവവികിരണത്തെ തുടര്‍ന്ന് പരിസരങ്ങളിലെ ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്ത് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന 50 ആണവനിലയങ്ങളുള്ളതില്‍ 46ഉം പ്രവര്‍ത്തനം നിര്‍ത്തി. 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ഏറ്റവും വലിയ ആണവദുരന്തമായിരുന്നു സംഭവം.
ഇതില്‍ ഒമ്പതെണ്ണം 2021ല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. 14 നിലയങ്ങള്‍കൂടി തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. ഇതിനിടെയാണ് പുതിയ നിലയങ്ങള്‍ നിര്‍മിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ആവശ്യമായ നടപടികള്‍ വര്‍ഷാവസാനത്തോടെ തീര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കുഷിദ പറഞ്ഞു.വൈദ്യുതി ആവശ്യത്തിന് രാജ്യം വന്‍തോതില്‍ പ്രകൃതിവാതകവും കല്‍ക്കരിയും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ബജറ്റ് താളംതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ആണവോര്‍ജത്തെക്കുറിച്ച ആലോചന.
ജൂലൈ 26ലെ കണക്കുകള്‍പ്രകാരം ഏഴു നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് തല്‍ക്കാലം നിര്‍ത്തിവെച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *