ദോഹ: ലോകകപ്പില്‍ വീണ്ടും അട്ടിമറി. അര്‍ജന്‍റീനയ്ക്ക് പിറകെ കരുത്തരായ ജര്‍മനിക്കും ആദ്യമത്സരത്തില്‍ അടിതെറ്റി. ഖലീഫ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ ജപ്പാന്‍ 2-1ന് മുന്‍ ലോകകപ്പ് ജേതാക്കളെ തകര്‍ത്തുവിട്ടു. അര്‍ജന്‍റീനയെപോലെ തന്നെ ആദ്യപകുതിയില്‍ 33 മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് നേടിയ ഗോളിന് മുന്നിട്ടുനിന്ന ജര്‍മ്മനി രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങി. 75 മിനിറ്റുവരെ മുന്നിട്ടുനിന്ന ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മ്മനിയാണ് ആദ്യം ഗോളടിച്ചത്. പന്ത് പിടിക്കാന്‍ മുന്നോട്ടിറങ്ങിയ ജപ്പാന്‍ ഗോളി ഗോണ്ട, റാവുമിനെ ഫൗള്‍ ചെയ്തതോടെ പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത പരിചയസമ്പന്നന്‍ ഗുണ്ടോഗന്‍ വല ചലിപ്പിച്ചു. ഗോള്‍ നേടിയതോടെ ജര്‍മ്മനിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. കളിയുടെ ആദ്യപകുതി പൂര്‍ണ്ണമായും ജര്‍മ്മനിയുടെ വരുതിയിലായിരുന്നു. എന്നാല്‍ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ അവര്‍ വിജയിച്ചില്ല. ഇതിനിടെ ഒറ്റപ്പെട്ട ആക്രമണങ്ങളിലായിരുന്നു ജപ്പാന്‍ ലക്ഷ്യം വെച്ചത്.
ണ്ടാംപകുതിയുടെ 67-ാം മിനുറ്റില്‍ മുള്ളറെയും ഗുണ്ടോകനെയും ജര്‍മന്‍കോച്ച് ഹാന്‍സി ഫ്ലിക് പിന്‍വലിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ ജപ്പാന്‍ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ ജര്‍മനിയുടെ മുന്നേറ്റങ്ങള്‍ ജപ്പാന്‍ ഗോളി വിഫലമാക്കി. 75-ാം മിനിറ്റില്‍ റിറ്റ്സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്‍റേതാക്കി മാറ്റി. ഇടതു വിങ്ങിലൂടെ കവാരൂ മിട്ടോമ നടത്തിയ നീക്കമാണ് ജപ്പാന്‍റെ സമനില ഗോളില്‍ കലാശിച്ചത്. ബോക്സിനുള്ളില്‍ ടകൂമി മിനോമിനോയി തൊടുത്ത ഷോട്ട് ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തടുത്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് ലഭിച്ച റിറ്റ്സു വലയില്‍ എത്തിക്കുകയായിരുന്നു. എട്ടു മീറ്റിനുള്ളില്‍ ജപ്പാന്‍ വിജയഗോളും നേടി. ഇട്ടകുരയെടുത്ത ഫ്രീകിക്കില്‍ പന്തു ലഭിച്ച അസാനോ പായിച്ച കിടിലന്‍ ഷോട്ട് രക്ഷപ്പെടുത്താന്‍ ഗോളിക്ക് കഴിഞ്ഞില്ല.
