വീണ്ടും അട്ടിമറി,മൊറോക്കോയ്ക്ക് മുന്നില്‍ ബെല്‍ജിയം വീണു

Sports

ദോഹ: വമ്പന്‍താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയും സക്കറിയ അബൗഖലിലുമാണ് ഗോള്‍ നേടിയത്.ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു.ബെല്‍ജിയത്തിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത് 12-ാം മിനിറ്റില്‍ ഡി ബ്രൂയ്നിന്‍റെ ഫ്രീകിക്ക് ബോക്സിലേക്ക്. എന്നാല്‍ ഫലപ്രദമായി ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിനായി. 16-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് മറ്റൊരു ഫ്രീകിക്ക് കൂടി. ഇത്തവണ തോര്‍ഗന്‍ ഹസാര്‍ഡ് പന്ത് ഈഡന്‍ ഹസാര്‍ഡിന് മറിച്ചുനില്‍കി. ഹസാര്‍ഡ്, ഡിബ്രൂയ്നിലേക്ക്. ബോക്സിന് പുറത്തുനിന്നുള്ള താരത്തിന്‍റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിതെറിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് മൊറോക്കോ ഫോമിലായി. ബെല്‍ജിയം മുഖത്തേക്ക് അവര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.
27-ാം മിനിറ്റില്‍ അമല്ല ബോക്സിന് പുറത്തുനിന്ന് തൊടുത്ത വോളി ലക്ഷ്യം കണ്ടില്ല. 35-ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് മറ്റൊരു അവസരം. ഹകിമിയുടെഷോട്ട് ബോക്സിന് പുറത്തുനിന്ന് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. രണ്ടാംപാതിയിലും മൊറോക്കോ ആക്രമണ ഫുട്ബോള്‍ തന്നെ കാഴ്ചവച്ചു.73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്.
ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്‍റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *