പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു.ഉണ്ണികൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് ആശങ്ക വിതച്ച പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു.
എന്നാല്‍ മയക്കുവെടി പുലിയുടെ ശരീരത്തില്‍ പൂര്‍ണമായും ഏറ്റില്ലെന്നാണ് വിലയിരുത്തല്‍. കമ്പിവേലിയില്‍ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പുലിയുടെ ഇടുപ്പിന്‍റെ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്.ബാഹ്യമായി സാരമുള്ള പരുക്കുകളില്ല. ശരീരത്തിനുള്ളില്‍ രക്തസ്രാവമുണ്ടായി എന്നാണ് നിഗമനം. ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലേക്ക് കൊണ്ടുപോകും. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.