തിരുവനന്തപുരം ; മലയാളം സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍ നല്‍കിയ കത്തില്‍ ചോദിക്കുന്നു. ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ ചോദിച്ചു. യു.ജി.സി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.
മലയാളം സര്‍വകലാശാല വി,സി നിയമനത്തിന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം രാജ്ഭവന്‍ സെക്രട്ടറി നല്‍കിയത്.
നേരത്തെ വി.സി നിയമനങ്ങളില്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്ന രീതിയിലുള്ള നിയമം പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല. പിന്നെങ്ങനെയാണ് ഇത്തരം നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു.
