പാണക്കാട്:പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും പലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന.
ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി, കെ.പി. നൗഷാദലി, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷനായി മലപ്പുറത്ത് എത്തിയ വി.ഡി. സതീശന്‍, ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സാദിഖലി തങ്ങളുടെ വസതിയിലെത്തിയത്. ജില്ലയിലെ കോണ്‍ഗ്രസില്‍ പുകയുന്ന വിഭാഗീയതയിലും തുറന്ന പോരിലുമുള്ള അതൃപ്തി ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. തര്‍ക്കം മുന്നണിയുടെ കെട്ടുറപ്പിന് ദോഷകരമാവുന്ന നിലയിലേക്ക് വളരുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലീഗ് നേതൃത്വം ഉണര്‍ത്തിയിരുന്നു.
പാണക്കാട്ട് എത്തിയത് സൗഹൃദ സന്ദര്‍ശത്തിനാണെന്നും വി.ഡി. സതീശന്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളാട് പറഞ്ഞു.
ജില്ലയില്‍ പാര്‍ട്ടിയിലുള്ള തര്‍ക്കങ്ങള്‍ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. അക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫിന്‍റെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
