തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടതായും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വോട്ടുചെയ്യുന്നതില്‍ കാലതാമസമുണ്ടായത് പല ബൂത്തുകളിലും പ്രശ്നങ്ങളുണ്ടാക്കി. ആറ് മണിക്കു മുന്‍പ് ബൂത്തിലെത്തിയ പലര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരാതി നല്‍കിയത്.
അതേസമയം, വടകരയില്‍ രാത്രി വൈകിയും നീണ്ട പോളിംഗില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യു.ഡി.എഫ്. തങ്ങള്‍ക്ക് അനുകൂലമായ ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യു.ഡി.എഫ് ആക്ഷേപം. എന്നാല്‍, വൈകീട്ട് കൂടുതല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിംഗ് നീളാന്‍ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു.