കൊല്ലം: നാലു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം വിസ്മയ കേസില്‍ മേയ് 23ന് വിധി പറയും. കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍പെട്ടതിനെ തുടര്‍ന്ന് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടിരുന്നു.
ആത്മഹത്യ പ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാര്‍ 2020 മേയ് 30നാണ് വിസ്മയെ വിവാഹം കഴിച്ചത്. വാഗ്ദാനം ചെയ്ത സ്വര്‍ണം സ്ത്രീധനമായി കിട്ടാത്തതും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാര്‍ താന്‍ ആഗ്രഹിച്ച കാറായിരുന്നില്ല എന്നതുമാണ് കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാനുള്ള കാരണം.പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.