വിസ്മയയുടെ ആത്മഹത്യ: ഭര്‍ത്താവ് കിരണ്‍ കുമാറിന് 10വര്‍ഷം തടവും പിഴയും

Kerala

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചു. ശിക്ഷഒന്നിച്ച് അനുഭവിച്ചാല്‍ മതി. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത്ത് ആണ് വിധിപ്രസ്താവം നടത്തിയത്.കിരണിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിധി സമൂഹത്തിന് പാഠമാകണം. പ്രതിയോട് അനുകമ്പ പാടില്ല. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
സര്‍വീസ് ചട്ടവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. അച്ഛനും അമ്മയും രോഗികളാണ്. കുടുംബത്തിന്‍റെ ചുമതല തനിക്കാണ്. തന്‍റെ പ്രായം 31 മാത്രമാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു.
അതേസമയം, ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ. പ്രതി ജീവപര്യന്തത്തിനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനാകാതെയും വാഗ്ദാനം ചെയ്ത അത്രയും സ്വര്‍ണം നല്‍കാത്തതിനാലും ഇയാള്‍ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി വിസ്മയ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയച്ച വാട്ട്സ് ആപ് ചാറ്റുകളും സന്ദേശങ്ങളും കിരണ്‍കുമാറിന്‍റെ ഫോണില്‍നിന്നു ലഭിച്ച തെളിവുകളും കേസില്‍ നിര്‍ണായകമായി.അറസ്റ്റിലായതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോ ഗസ്ഥനായിരുന്ന കിരണിനെ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 41 സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 112 രേഖകളും തെളിവായി ഹാജരാക്കി.
കേസ് വിസ്താരത്തിനിടെ കിരണ്‍ കുമാറിന്‍റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, ഇവരുടെ ഭര്‍ത്താവ് മുകേഷ് എം. നായര്‍, പ്രതിയുടെ പിതൃസഹോദരന്‍റെ മകന്‍ അനില്‍ കുമാര്‍, ഭാര്യ ബിന്ദുകുമാരി എന്നീ സാക്ഷികള്‍ കൂറുമാറിയിരുന്നു.2020 മെയ് 31നാണ് നിലമേല്‍ കൈതോട് സി വില്ലയില്‍ ബി എ എം എസ് വിദ്യാര്‍ഥിനിയായ വിസ്മയ യെ, മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ശാസ്താംനട ചന്ദ്ര വിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം ചെയ്തത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്,അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍,വി. അഖില്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *