കൊച്ചി: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് ശരിയായില്ല. നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ. ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമ പ്രകാരം നീക്കംചെയ്യുന്നതുവരെ വി.സിമാര്‍ക്ക് സ്ഥാനങ്ങളില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ചാന്‍സലുടെ കത്ത് കിട്ടിയെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍വ്യക്തമാക്കി.സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.തങ്ങളെ കേള്‍ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സമയം തന്നില്ല.വൈസ് ചാന്‍സലറെ നീക്കുന്നതിന് ചട്ടങ്ങളില്‍ കൃത്യമായ വ്യവസ്ഥയുണ്ട്.ആ വ്യവസ്ഥകളുടെ പരിധിയില്‍ വരുന്നതല്ല ചാന്‍സലറുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോയുണ്ടെങ്കില്‍ മാത്രമേ നീക്കാന്‍ സാധിക്കൂ .അല്ലെങ്കില്‍ നോട്ടീസ് നല്‍കാന്‍ തയ്യാറാകണം. ഹര്‍ജി ഫയല്‍ ചെയ്തശേഷം ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അതു പുതിയ നീക്കമാണ്.ചാന്‍സലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണ്. ഹര്‍ജിക്കാര്‍ വാദിച്ചു.
വിസിമാരുടെ നിയമനം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ അവരെ നീക്കംചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്നും താന്‍ നടത്തിയ നിയമനങ്ങള്‍ തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്കാവില്ലേ എന്നതടക്കമുള്ള ചോദ്യങ്ങള്‍ കോടതിയില്‍ നിന്നുമുണ്ടായി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയ കോടതി വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്നും ചോദിച്ചു.സുപ്രീംകോടതിവിധി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് മാത്രം ബാധകമാണെന്ന് അഭിഭാഷകര്‍ വാദിച്ചു.കേരള,എംജി,കാലിക്കറ്റ്,കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍,കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല,ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല,എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല,ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വിസിമാര്‍ ചൊവ്വാഴ്ച രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ തിങ്കളാഴ്ച നോട്ടീസ് നല്‍കിയത്.
സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ അഞ്ച് സര്‍വ്വകലാശാലകളിലും വിസി മാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിനു പാനല്‍ ഉണ്ടായിരുന്നെങ്കിലും സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നു.