തലശേരി : പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടിവീട്ടില്‍ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂത്തുപറമ്ബ് മാനന്തേരിയിലെ താഴെകളത്തില്‍ വീട്ടില്‍ ശ്യാംജിത്തിനെ (26) അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പാനൂര്‍ എസ്എച്ച്ഒ എം പി ആസാദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. 29ന് പകല്‍ 11.30ന് കോടതിയില്‍ തിരികെ ഹാജരാക്കണം.
പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് കണ്ണൂര്‍ ജില്ലാജയിലില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. 22ന് രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ് യുവതി കൊല്ലപ്പെട്ടത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ പ്രതി വീട്ടിലെ മുറിയില്‍ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങള്‍കൊണ്ട് വെട്ടി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.