തിരുവനന്തപുരം: ഏതെങ്കിലും ഒരു മതവിശ്വാസത്തെയോ വിശ്വാസിയെയോ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഗണപതിയുമായി ബന്ധപ്പെട്ടുണ്ടായ ശാസ്ത്ര-മിത്ത് വിവാദത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന പ്രകാരം എല്ലാ പൗരന്‍മാര്‍ക്കും എതു മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ശാസ്ത്രത്തെ കുറിച്ച് അവബോധം വളര്‍ത്താനും ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഷംസീര്‍ ചൂണ്ടിക്കാട്ടി.ഭരണഘടന പ്രകാരമുള്ള ഒരു അധികാര സ്ഥാനം കൈയാളുന്ന ആളെന്ന നിലയില്‍ ശാസ്ത്രത്തെ കുറിച്ച് താന്‍ സംസാരിക്കുന്നു. അതെങ്ങനെ വിശ്വാസികളെ വേദനിപ്പിക്കുന്നതാകും- ഷംസീര്‍ ചോദിച്ചു.
പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തനിക്കും മുമ്പും പലരും പരാമര്‍ശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താന്‍. തന്‍റെ മതേതരതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ല. 2016ല്‍ തന്‍റെ ഒരു പ്രസംഗത്തില്‍ മറ്റൊരു മതവിഭാഗം തനിക്കെതിരേ വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പീക്കര്‍ സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ല താന്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലുടെയും യുവജന പ്രസ്ഥാനങ്ങളിലൂടെയുമാണ് പൊതുരംഗത്ത് വന്നത്.
തനിക്ക് പ്രസംഗിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
