കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ ദുരൂഹ മരണത്തില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിശ്വനാഥന്‍റെ കൈക്കുഞ്ഞടങ്ങുന്ന കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായെത്തിയ വിശ്വനാഥന്‍റെ തൂങ്ങിമരണത്തിന് ശേഷം ധൃതിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതായി അടക്കം കുടുംബം ആരോപിക്കുന്നുണ്ട്. കുടുംബത്തിനെ നേരിട്ട് കണ്ടപ്പോള്‍ വിശ്വനാഥന്‍റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവര്‍ തള്ളിക്കളഞ്ഞതായും റീ പോസ്റ്റുമാര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. സംസ്ഥാന എസ് സി/എസ് ടി കമ്മീഷനും പൊലീസ് റിപ്പോര്‍ട്ട് തള്ളിയതായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വിശ്വനാഥന്‍റെ നവജാത ശിശു അടങ്ങുന്ന കുടുംബം നീതി അര്‍ഹിക്കുന്നതായും. അതിനാല്‍ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കാനും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം വിശ്വനാഥന്‍റെ മൃതദേഹം റീപോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കിയേക്കും എന്നാണ് വിവരം. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കല്‍പ്പറ്റയിലെത്തി വിശ്വനാഥന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയുടെ അനുമതി തേടി റീ പോസ്റ്റുമോര്‍ട്ടം നടത്താനാണ് നീക്കം. വെറുമൊരു ആത്മഹത്യക്കേസായി വിശ്വനാഥന്‍റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലൈ പിഴവുകള്‍ പരിഹരിക്കണമെന്നും എസ്.സി/എസ്.ടി കമ്മിഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കിയത്.
എസ്.സി/എസ്.ടി കമ്മിഷന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ഡി.സി.പി തന്നെ അന്വേഷണം ഏറ്റെടുത്തിരുന്നു, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയ പൊലീസ് എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയിരുന്നു.
വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേര്‍ ചുറ്റും കൂടി നില്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതില്‍ ചിലരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഏതെങ്കിലും തരത്തില്‍ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. വരും ദിവസങ്ങളില്‍ കേസന്വേഷണത്തിന് സഹായകരമാകുന്ന നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
