മലപ്പുറം : വിശദ നഗരാസൂത്രണ പദ്ധതി (ഡിടിപി) നടപ്പാക്കുന്നതിനു മുന്‍പുള്ള ഹിയറിംഗ് നഗരസഭയില്‍ പൂര്‍ത്തിയായി. ഹിയറിംഗില്‍ ലഭിച്ച പരാതികള്‍ നഗരാസൂത്രണ കമ്മിറ്റി പരിശോധിക്കും. വ്യക്തികള്‍, ഭൂഉടമകള്‍, വ്യാപാരികള്‍, സംഘടനകള്‍ എന്നിവര്‍ പദ്ധതി സംബന്ധിച്ചു പരാതികള്‍ നല്‍കിയിട്ടുണ്ട്. സ്വീകരിച്ച പരാതികള്‍ നഗരാസൂത്രണ കമ്മിറ്റി പരിശോധിച്ച് ക്രോഡീകരിച്ച് കൗണ്‍സിലില്‍ സമര്‍പ്പിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗം അംഗീകരിച്ചാല്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് കൈമാറും.
കോട്ടപ്പടി, കുന്നുമ്മല്‍, മുണ്ടുപറമ്പ് എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഡിടിപിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അന്തിമ ഡിടിപി യാഥാര്‍ഥ്യമായാല്‍ ഇതു പ്രകാരമാകും നഗരത്തിലെ കോട്ടപ്പടി, കുന്നുമ്മല്‍, മുണ്ടുപറമ്പ് എന്നിവിടങ്ങളിലെ കെട്ടിട നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും. നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, സ്ഥിരസമിതി അധ്യക്ഷന്‍ പി.കെ.ഹക്കീം, കൗണ്‍സിലര്‍മാരായ സി.സുരേഷ്, പി.എസ്.എ.ഷബീര്‍, നഗരസഭ സെക്രട്ടറി, നഗരസഭ എന്‍ജിനീയര്‍, ടൗണ്‍ പ്ലാനര്‍, അസി. ടൗണ്‍ പ്ലാനര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്തിയാണ് നേരത്തേ കരട് ഡിടിപി തയാറാക്കിയത്.
32 വര്‍ഷത്തിനു ശേഷമാണ് നഗരസഭയില്‍ ഡിടിപി പുതുക്കുന്ന നടപടി ആരംഭിക്കുന്നത്. നേരത്തേ 1985 ഒക്ടോബര്‍ 31ന് അംഗീകരിച്ചിരുന്ന പ്ലാന്‍ പ്രകാരമാണ് നഗരസഭയില്‍ പദ്ധതികളും കെട്ടിട നിര്‍മാണ പ്രവൃത്തികളും നടന്നു വന്നിരുന്നത്. പുതിയ ഡിടിപി വരുന്നതോടെ പദ്ധതികള്‍ക്കും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്കും അനുമതി നല്‍കുന്നതില്‍ മാറ്റങ്ങള്‍ വരും.