തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനത്തില്‍ പരിധി വേണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വിവാഹ സമ്മാനം പത്ത് പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയില്‍ വേണം.വിവാഹത്തിന് ആര്‍ഭാടവും ആളുകളുടെ എണ്ണവും കുറയ്ക്കണം. വധുവിന് അവകാശമുളള മറ്റു തരത്തിലുളള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയുടേതാക്കി ചുരുക്കണമെന്നും വനിത കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പുളള വിവാഹപൂര്‍വ കൗണ്‍സിലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കി വിവാഹം രജിസ്റ്റര്‍ നടത്താമെന്നും കമ്മിഷന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് വനിത ശിശുക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമ്മിഷന്‍ പറഞ്ഞു.